
തിരുവനന്തപുരം: ജംബോ കെ.പി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ അമർഷവും അതൃപ്തിയും പടരുന്നത് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഈഴവ, പട്ടികവിഭാഗങ്ങളെ തഴഞ്ഞതിലും വെട്ടിനിരത്തിയതിലും പ്രതിഷേധം ശക്തമാണ്. ഇതിനിടെ, ചാണ്ടി ഉമ്മനെ തഴഞ്ഞതിൽ ഓർത്തഡോക്സ് സഭയും അതൃപ്തി അറിയിച്ച് രംഗത്തെത്തി.
കെ.പി.സി.സി സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ് പുനഃസംഘടനയിൽ എല്ലാം ശരിയാക്കാമെന്ന ഉറപ്പ് പാഴായ സാഹചര്യത്തിലാണ് കോൺഗ്രസിലെ ഉൾപ്പോര് രൂക്ഷമാകുന്നത്.
പിണങ്ങി മുരളീധരൻ, അനുനയിപ്പിച്ച് നേതൃത്വം
ശബരിമല സംരക്ഷണ പ്രചാരണ ജാഥയുടെ ക്യാപ്റ്റനായിരുന്ന കെ.മുരളീധരൻ, കെ.പി.സി.സി പുനഃസംഘടനയിലുള്ള അമർഷം കാരണം ജാഥയുടെ പന്തളത്തെ സമാപനസമ്മേളനം ബഹിഷ്കരിച്ചെന്ന പ്രചാരണം നേതൃത്വത്തെ വെള്ളം കുടിപ്പിച്ചു. ജാഥ ചെങ്ങന്നൂരിലെത്തിയ ശേഷം അദ്ദേഹം ഗുരുവായൂരിലേക്ക് പോയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
പിതാവിന്റെയും തന്റെയും അനുയായി മര്യാപുരം ശ്രീകുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിലും, താൻ നിർദ്ദേശിച്ച ഏക നോമിനിയായ കെ.പി.ഹാരിസിനെ ജനറൽ സെക്രട്ടറിയാക്കാത്തതിലുമാണ് മുരളീധരൻ അതൃപ്തനായത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വർക്കിംഗ് പ്രസിഡന്റുമാരും കൊടിക്കുന്നിൽ സുരേഷും ചേർന്ന് നടത്തിയ അനുനയ നീക്കങ്ങൾക്കൊടുവിൽ മര്യാപുരം ശ്രീകുമാറിനെ കെ.പി.സി.സി നിർവാഹക സമിതിയംഗമായും, കെ.പി.ഹാരിസിനെ സെക്രട്ടറിയുമാക്കാമെന്ന ഉറപ്പിലാണ് മുരളീധരൻ മയപ്പെട്ട് സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ സമ്മതിച്ചത്.
"ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല": ഓർത്തഡോക്സ് സഭ
ചാണ്ടി ഉമ്മനെ തഴഞ്ഞതിലുള്ള അതൃപ്തി പരസ്യമാക്കി ഓർത്തഡോക്സ് സഭയും രംഗത്തെത്തി. കോട്ടയം ദേവലോകം അരമനയിൽ നടന്ന പരിപാടിയിൽ വച്ച് സഭ യുവജന വിഭാഗം അദ്ധ്യക്ഷനും കുന്നംകുളം ഭദ്രാസനാധിപനുമായ ഗീവർഗീസ് മാർ യൂലിയോസ്, ചാണ്ടി ഉമ്മനും അബിൻ വർക്കിയും 'ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെ'ന്ന് മുന്നറിയിപ്പ് നൽകി.
പുനഃസംഘടനയെക്കുറിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ 'ഇതിൽ കൂടുതൽ സംതൃപ്തനായ സന്ദർഭം ഇതിന് മുമ്പുണ്ടായിട്ടില്ല' എന്ന പ്രതികരണവും പി.ജെ.കുര്യന്റെ 'ഉത്തരമില്ലെന്ന ഉത്തരം കിട്ടിയില്ലേ' എന്ന മറുപടിയും പരിഹാസ സ്വരത്തിലായി. ഇതേപ്പറ്റി ചോദിച്ച മാദ്ധ്യമങ്ങളോട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പൊട്ടിത്തെറിക്കുകയും ചെയ്തു.











